തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്‌ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. ഐ.എം.എ, കെ.ജി.എം.ഒ.എ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ സ്വകാര്യ ഡോക്‌ടർമാരാണ് പ്രതിഷേധിക്കുന്നത്.
അത്യാവശ്യ സർവ്വീസുകളായ ക്വാഷാലിറ്റി, ലേബർ റൂം, ഐസിയു എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്‌ടർമാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.
അതേസമയം, സമരം ഒത്തുതീർപ്പാക്കുന്നതിന്‍റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് 10.30 ന് ചർച്ച നടത്തും. ഐ.എം.എ, കെ.ജി.എം.ഒ.എ എന്നീ സംഘടനകളെയാണ് സർക്കാർ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.