ഇടുക്കി: ചെറുതോണിയിൽ നടന്ന പട്ടയമേള വേദിയിലേക്ക് അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികൾ പ്രതിഷേധ മാർച്ച് നടത്തി. ഗോത്ര വിഭാഗങ്ങളുടെയും കുടിയേറ്റ കർഷകരുടെയും പട്ടയം തടഞ്ഞ ഇടുക്കി ജില്ലാ കളക്ടർ നീതിരഹിതമായ പ്രവർത്തി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രവർത്തകർ പട്ടയ മേള നഗരിയിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡണ്ട് കെ ബി ശങ്കരൻ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.
തലമുറകളായി കൈവശം വെച്ച് കൃഷി ചെയ്തുവരുന്ന ആദിവാസികളുടെ ഭൂമിക്ക് പട്ടയം നൽകുക, ഉടുമ്പന്നൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ആദിവാസികൾക്ക് പട്ടയം നൽകുന്നതിനായി 2020/2020 നമ്പർ ഉത്തരവ് നടപ്പാക്കുക, ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, വനംവകുപ്പ് ഗോത്രമേഖലകളിൽ ഏർപ്പെടുത്തുന്ന നിരോധനങ്ങൾ റദ്ദുചെയ്യുക, ജില്ലാ കളക്ടർ റവന്യൂ കമ്മീഷണർക്ക് നൽകിയ ആദിവാസി വിരുദ്ധ റിപ്പോർട്ട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്.
ജനറൽ സെക്രട്ടറി വി. പി ബാബു, വൈസ് പ്രസിഡണ്ട് എം ഐ വിജയൻ , പി വി വിജയൻ ,ATMAMS തൊടുപുഴ മേഖലാ ചെയർമാൻ പി.കെ രാജേന്ദ്രൻ ,കാഞ്ഞിരപ്പള്ളി മേഖലാ ചെയർമാൻ സാബു നാരായണൻ വനിതാ സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് ശാന്തകുമാരി ശങ്കരൻ കുട്ടി , മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ശശി ഇടുക്കി, അജികുമാർ മൂഴിക്കൽ, കെ.എൻ വിശ്വനാഥൻ സി.പി ജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.ഉദ്യോഗസ്ഥരുടെ ആദിവാസി വിരുദ്ധ നിലപാടുകൾക്കും അവഗണനയ്ക്കുമെതിരെ കളക്ട്രേറ്റ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.