തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ കേരള സർവകലാശാല നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തു. കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. ജി.ജെ.ഷൈജു ഒന്നാംപ്രതിയും വിദ്യാർഥി എ.വിശാഖ് രണ്ടാംപ്രതിയുമാണ്.
ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർവകലാശാല രജിസ്‌ട്രാർ സംസ്ഥാന, ജില്ലാ പൊലീസ് മേധാവിമാർക്കും കാട്ടാക്കട സ്‌റ്റേഷനിലും പരാതി നൽകിയത്.
യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ച അനഘയ്ക്ക് പകരം എ.വിശാഖിന്റെ പേര് ചേർത്ത് പ്രിൻസിപ്പൽ ഡോ. ജി.ജെ.ഷൈജു സർവകലാശാലയ്ക്ക് പട്ടിക അയച്ചത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തിയെന്ന് പരാതിയിൽ പറയുന്നു. സിൻഡിക്കറ്റ് തീരുമാനപ്രകാരം ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി സർവകലാശാല ഉത്തരവിറക്കി.
ഷൈജുവിനെതിരെ അച്ചടക്ക നടപടിയെടുത്ത് അറിയിക്കണമെന്ന് കോളേജ് മാനേജ്മെന്റിനോട് സിൻഡിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് കോളേജ് മാനേജർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.