കണ്ണൂർ: 61കാരന്റെ മൃതദേഹം ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിലെ വീടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനായ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ ബിസിനസ് ചെയ്യുകയായിരുന്നു. കുറച്ചു നാളായി നാട്ടിൽ ഉണ്ടായിരുന്നു. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ചൊവ്വാഴച്ച വൈകുന്നേരം സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മൃതദേഹം ഇരുനില വീടിൻ്റ ഗോവണിക്ക് താഴെ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു. മുറിയിലെ ഫൈബർ കസേരയുടെ കാലുകൾ തകർന്ന നിലയിലാണ്, തൊട്ടടുത്ത് കുറച്ച് കറൻസി നോട്ടുകളും ചിതറി കിടക്കുന്നു. അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. അമ്മ സഹോദരിക്കൊപ്പം തട്ടോളിക്കരയിലായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് എടച്ചേരി പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടിക്രമങ്ങൾ നടത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്നാണ് പൊലീസ് അറിയിച്ചത്. ഫോറൻസിക്ക് വകുപ്പും പോലീസും ഇന്ന് രാവിലെ പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പോലീസ് മരണത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ,രാജൻ നമ്പ്യാർ, സരോജിനി, ശാന്ത, മീന, ലീല, വിജയി.