കൊച്ചി: മന്ത്രി വാസവന്റെ ഇടപ്പെടലിലൂടെ ബാങ്ക് ജപ്‌തിയിൽ നിന്ന് അഞ്ചംഗ കുടുംബത്തിന് ആശ്വസം. സർക്കാർ പതിച്ച് നൽകിയ ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും കിടപ്പാടവും ജപ്‌തി ചെയ്യാനുള്ള കേരള ബാങ്കിന്റെ നടപടിയാണ് മന്ത്രിയുടെ ഇടപെടലിലൂടെ നിർത്തിവെച്ചത്. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ അഡ്വ ശ്രീജിത്ത് പെരുമന തന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
25 മിനിറ്റിനുള്ളിൽ മന്ത്രിയും, ബാങ്ക് പ്രസിഡന്റ്റും, ചീഫ് എക്‌സിക്കുട്ടീവ് ഓഫീസറും, റീജണൽ മാനേജറും എല്ലാവരും ചേർന്ന് ഒരു സ്ത്രീയും അവരുടെ നാല് പറക്കമുറ്റാത്ത മക്കളും ആത്മഹത്യ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കാൻ സാധിച്ചു എന്നത് ചെറുതല്ലാത്ത ആശ്വാസമാണ്. വിവരമറിയിക്കാനായി ഫോൺ വിളിക്കുമ്പോൾ എയർപോർട്ടിൽ വിദേശ യാത്രയുടെ തിരക്കിൽ ആയിരുന്നിട്ട് പോലും ഒന്നും പേടിക്കണ്ട ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയ മന്ത്രിക്കും അതിലുപരി ഒരു മുതിർന്ന ചേട്ടനെ പോലെ വക്കീലേ അഞ്ചു മിനുട്ടിൽ ശരിയാക്കിതരാം എന്ന് പറഞ്ഞ ആ ഉറപ്പ് പാലിക്കുകയും ചെയ്ത കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സാറിനും, സിഇഒ കേരള ബാങ്ക്, റീജണൽ മാനേജർ തുടങ്ങി എല്ലാവർക്കും നന്ദിയെന്നും ശ്രീജിത്ത് പെരുമന കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ നിന്നും; സംഭവ ബഹുലമായ ഒരു മണിക്കൂർ.., നിരാലാംബരായ ഒരമ്മയെയും നാല് മക്കളെയും അടിയന്തര ഘട്ടത്തിൽ രക്ഷിക്കാനായ ആശ്വാസം.. സമയം 6.36pm എറണാകുളം ജില്ലയിൽ നിന്നും ഒരു സ്ത്രീ വിളിക്കുന്നു.. തിരക്കിലായതിനാൽ ഫോൺ എടുക്കാൻ സാധിച്ചില്ല. തുടർച്ചയായി ഫോൺ കോളുകൾ, ഒടുവിൽ ഒരു മെസേജ് സർ അത്യാവശ്യമാണ് ഇനി എന്ത് സംഭവിക്കും എന്നറിയില്ല എന്ന്.. തിരിച്ചു വിളിച്ചു. നിരവധി പരീക്ഷണങ്ങളിലൂടെ കടന്നു വന്ന് ആത്മഹത്യ പോലും ചിന്തിച്ച സമയത്ത് അവരെ സമാശ്വസിപ്പിച്ച് നിർദേശങ്ങൾ നൽകി വന്ന ഒരു കുടുംബമാണ്.. എന്താണ് പെട്ടന്ന് സംഭവിച്ചത്..,
സർക്കാർ പതിച്ച് നൽകിയ ആകെയുള്ള 3 സെന്റ് സ്ഥലവും അതിലെ കിടപ്പാടത്തിലുമാണ് ആ അമ്മയും നാല് കുഞ്ഞുങ്ങളും കഴിയുന്നത്. കേരള ബാങ്കിൽ നിന്നുമാണ് ലോൺ എടുത്തത്. അതിപ്പോൾ ജപ്ജിയിലാണ് എന്ന് മാത്രമല്ല, ആ സ്ത്രീയുടെ സങ്കടകരമായ വാക്കുകളിലൂടെ പറഞ്ഞാൽ “ഇന്ന് എന്നെ വിളിക്കുന്നതിന് മിനിട്ടുകൾ മുൻപ് ബാങ്ക് മാനേജറും മറ്റ് ഉദ്യോഗസ്ഥരും വീട്ടിൽ എത്തി വീടിന്റെ മുൻ വാതിൽ പൂട്ടിയ ശേഷം അടുക്കള വഴി അകത്ത് കയറി.
നിങ്ങളുടെ വിലപിടിപ്പുള്ള സാധന സാമഗ്രികൾ ഒക്കെ മാറ്റിക്കൊള്ളൂ നാളെ നിങ്ങളെ ഈ വീട്ടിൽ നിന്നും ഇറക്കി വിടും എന്ന് അന്ത്യശാസനം ” ഇക്കാര്യം കേട്ട ഉടൻ അവരോട് ചോദിച്ചത് സന്ധ്യമയങ്ങിയ ശേഷം വനിത പോലീസോ, ലോക്കൽ ജന പ്രതിനിധികളോ, വാറന്റോ ഇല്ലാതെ എങ്ങനെയാണു ഒരു ബാങ്ക് അധികൃതർ വീട്ടിൽ എത്തി അകത്ത് കയറുക എന്നതാണ്. സംസ്ഥാന പോലീസ് വനിതാ സെല്ലിന്റെയും, പോലീസിന്റെ അടിയന്തര ഹെൽപ്പ് ലൈൻ 100 നമ്പറും അവർക്ക് നൽകി ഉടൻ വിളിക്കാൻ ആവശ്യപ്പെട്ടു. വനിതാ സെൽ ഫോൺ എടുത്തില്ല. ഫോൺ എടുത്ത പൊലീസാകട്ടെ ” നാളെ നിങ്ങളെ ഇറക്കി വിടുമ്പോൾ വിളിക്കാൻ പറഞ്ഞു ഫോൺ വെച്ചു” എന്ന് ആ വീട്ടമ്മ അറിയിക്കുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല ബഹു സഹകരണ മന്ത്രി വി എൻ വസവൻ സാറെ വിളിച്ചു ആദ്യ റിങ്ങിൽ തന്നെ ഫോണെടുത്തു. അദ്ദേഹം വിദേശത്തേക്ക്, ഷാർജയിലേക്ക് പോകാൻ എയർപോർട്ടിൽ തിരക്കിലായിരുന്നു എങ്കിലും എന്നെ ക്ഷമാപൂർവ്വം കേട്ടു. കാര്യങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. സംഭവത്തിന്റെ പ്രാധാന്യവും. അദ്ദേഹം എയർപോർട്ടിൽ വെച്ചുതന്നെ നാളെ ആ വീട് ജപ്തി ചെയ്യില്ല എന്ന് ഉറപ്പ് നൽകി.
ആവർത്തിച്ചു ചോദിച്ചപ്പോൾ ഇനി അഥവാ അങ്ങനെ ആരെങ്കിലും ജപ്തി ചെയ്ത് ഇറക്കി വിട്ടാൽ അപ്പോൾ തന്നെ അവർക്ക് അത് തിരികെ നൽകിയിരിക്കും എന്നും അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ അദ്ദേഹം ഇവിടെയില്ലാത്തതിനാൽ എന്റെ ആശങ്ക ആവർത്തിച്ച് പറഞ്ഞപ്പോൾ വക്കീല് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ വിളിച്ചോളൂ ബാക്കി ഞാൻ നോക്കിക്കോളാം എന്ന ഉറപ്പിൽ ഫോൺ വെച്ചു. അതിനിടയിൽ ഗോപി സാറിന്റെ പേഴ്സണൽ നമ്പറിനായി ഞാൻ കേരള ബാങ്ക് CEO യെയും, CGM നെയും വിളിച്ചിരുന്നു. രണ്ടു ഓഫീസർമാരും എന്നെ തിരിച്ചു വിളിച്ചു.
ഗോപി സാറിന്റെ നമ്പർ തന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ വിളിച്ചു. അങ്ങേ തലക്കൽ ഏറ്റവും ബഹുമാനത്തോടെയുള്ള സംസാരം.കാര്യങ്ങളെല്ലാം കേട്ടു. 5 മിനിറ്റിനുള്ളിൽ ഇതിലൊരു തീരുമാനം ഉണ്ടാക്കാം എന്ന് അറിയിച്ചു ഫോൺ കട്ട് ചെയ്തു. കൃത്യം 5 മിനിറ്റിനു മുൻപ് അദ്ദേഹം തിരിച്ചു വിളിച്ചു എറണാകുളം റീജണൽ മാനേജറേ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും നാളെ നിശ്ചയിച്ച കോടതി ഉത്തരവോടെയുള്ള ജപ്തി നിർത്തിവെച്ചു എന്നും റീജണൽ മാനേജരെ വിളിക്കാൻ നമ്പർ അയച്ചു തരികയും ചെയ്തു.
കേരള ബാങ്ക് റീജനൽ മാനേജറെ വിളിച്ചു അദ്ദേഹത്തെ ഗോപി സർ വിളിച്ചു എന്നും നാളത്തെ എല്ലാ നടപടികളും നിർത്തി വെച്ചു എന്നും അറിയിച്ചു. അതായത് 25 മിനിറ്റിനുള്ളിൽമന്ത്രിയും, ബാങ്ക് പ്രസിഡന്റ്റും, ചീഫ് എക്‌സിക്കുട്ടീവ് ഓഫീസറും,റീജണൽ മാനേജറും എല്ലാവരും ചേർന്ന് ഒരു സ്ത്രീയും അവരുടെ നാല് പറക്കമുറ്റാത്ത മക്കളും വഴിയാധാരമായി തീകൊളുത്തിയോ, തൂങ്ങിയോ ആത്മഹത്യ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കാൻ സാധിച്ചു എന്നത് ചെറുതല്ലാത്ത ആശ്വാസമാണ്…
ഇത്ര വേഗത്തിൽ ഒരു നടപടി പ്രതീക്ഷിച്ചതെ അല്ല. എന്നാൽ മന്ത്രി വാസവൻ സാറും, ഗോപി കോട്ടമുറിക്കൽ എന്ന എക്കാലത്തെയും മുതിർന്ന സഖാവും ഞെട്ടിച്ചുകളഞ്ഞു. ആ കുടുംബത്തെ വിളിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അവർ അടയ്ക്കാനുള്ള തുകക്ക് സാവകാശം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാം എന്ന് ബാങ്ക് സി.ഇ.ഒയും അറിയിച്ചിട്ടുണ്ട്. എന്തായാലും നാളിതുവരെ കണ്ടിട്ടില്ലാത്ത എവിടെയോ ജീവിക്കുന്ന കുറച്ച് മനുഷ്യ ജീവനുകൾക്ക് ജീവൻ വെടിയും മുൻപ് താങ്ങാകാൻ സാധിച്ചു എന്നതിൽ ഒരു നെടുവീർപ്പ് മാത്രമണിപ്പോൾ ഉള്ളത്.
ഫോൺ ചെയ്ത് രണ്ട് റിങ്ങിനു മുൻപ് എയർപോർട്ടിൽ വിദേശ യാത്രയുടെ തിരക്കിൽ ആയിരുന്നിട്ട് പോലും ഒന്നും പേടിക്കണ്ട ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് ഉറപ്പ് നൽകിയബഹു മന്ത്രിക്കും അതിലുപരി ഒരു മുതിർന്ന ചേട്ടനെ പോലെ വക്കീലേ 5 മിനുട്ടിൽ ശരിയാക്കിതരാം എന്ന് പറഞു ആ ഉറപ്പ് പാലിക്കുകയും ചെയ്ത കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സാറിനും, CEO കേരള ബാങ്ക്, റീജണൽ മാനേജർ തുടങ്ങി എല്ലാവർക്കും നന്ദി.