ചെറുതോണി: ഇടുക്കി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം ജവഹർ ഭവനിൽ വച്ച് അഡ്വക്കേറ്റ് അനീഷ് ജോർജ് ചുമതലയേറ്റു. ഇടുക്കി ജവഹർ ഭവനിൽ നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ് അശോകൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജോസ് ഊരക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ഏഴര വർഷം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചുവന്ന ജോസ് ഊരക്കാട്ടിൽ നിന്നും മിനിറ്റ്സ് കൈപ്പറ്റിയാണ് അനീഷ് ജോർജ് അധികാരമേറ്റത്. വരുന്ന നാളുകളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മണ്ഡലം കമ്മിറ്റികളെയും ബ്രാഞ്ച് കമ്മിറ്റികളെയും ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് രൂപം നൽകുമെന്ന് അനീഷ് ജോർജ് പറഞ്ഞു.

എ.ഐ.സി.സി അംഗം ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. എം.പി ഡീൻ കുര്യാക്കോസ്, നേതാക്കന്മാരായ റോയി കെ പൗലോസ്, ജോയി തോമസ്, എം.കെ പുരുഷോത്തമൻ, അനിൽ ആനയ്ക്കനാട്ട്, എം.ഡി അർജുനൻ, അഡ്വക്കേറ്റ് കെ.ബി സെൽവം, എ.പി ഉസ്മാൻ, ടോണി തോമസ്, നിതിൻ ലൂക്കോസ്,അനീഷ് പ്ലാശനാൽ, ജോസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.