തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്നും തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈൽ എബിസി (അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം) കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
പരമാവധി കാര്യങ്ങൾ പരിധിക്കുള്ളിൽ നിന്ന് ചെയ്യും. മാരകമായ മുറിവുള്ള, എന്നാൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇടയാക്കും.നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും.
സംസ്ഥാനത്ത് നിലവിൽ 20 എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 25 എണ്ണം കൂടി ഉടൻ പ്രവർത്തനസജ്ജമാക്കും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും ഡിസ്പെൻസറികളിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലുള്ള എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്ന രീതിയിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.