ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഏകീകൃത സിവിൽകോഡിനായി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഏകീകൃത സിവിൽകോഡ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെന്നും ഭോപ്പാലിൽ ബിജെപി റാലിയിൽ മോദി പറഞ്ഞു.
മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും ചിലർ ഏകീകൃത സിവിൽകോഡിനെ ഉപയോഗിക്കുകയാണ്. എങ്ങനെയാണ് രണ്ട് രീതിയിലുള്ള നിയമവുമായി ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവുക. ഭരണഘടന പറയുന്നത് തുല്യാവകാശങ്ങളെ കുറിച്ചാണ്.
ഏകീകൃത സിവിൽകോഡിനെ എതിർക്കുന്നവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഏകീകൃത സിവിൽകോഡിന്റെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കാനാണ് ശ്രമം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ബിജെപി താൽപ്പര്യപ്പെടുന്നില്ല. മുത്തലാഖിനെ അനുകൂലിക്കുന്നവർ മുസ്ലീം സ്‌ത്രീകളോട് വലിയ അനീതിയാണ് കാട്ടുന്നത്.
ഈജിപ്‌തിൽ 80–-90 വർഷങ്ങൾക്ക് മുമ്പുതന്നെ മുത്തലാഖ് നിരോധിച്ചിരുന്നു. പാക്കിസ്ഥാൻ, ഖത്തർ, ജോർദാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് ഇസ്ലാമിന്റെ അവിഭാജ്യഘടകമാണെങ്കിൽ എന്തുകൊണ്ടാണ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ അത് നിരോധിച്ചിരിക്കുന്നത്.
ദരിദ്രരായ പശ്‌മണ്ഡ മുസ്ലീങ്ങൾ സമ്പന്ന മുസ്ലീങ്ങളിൽ നിന്ന് വലിയ വിവേചനം നേരിടുകയാണ്.ചില രാഷ്ട്രീയപാർടികളുടെ പ്രീണനസമീപനം സമൂഹത്തിൽ വലിയ ചേരിതിരിവിന് കാരണമാവുകയാണ്. ബിജെപിയ്‌ക്കെതിരെ ചില പാർടികൾ കൈകോർക്കുന്നതിൽ തനിക്ക് ദേഷ്യമല്ല, സഹതാപമാണ്. ഈ പാർടികളുടെ അസ്വസ്ഥത 2014 ലും 2019 ലും ഇത്ര രൂക്ഷമായിരുന്നില്ല.
കോൺഗ്രസിനെ എതിർത്തിരുന്നവർ ഇന്ന് കുമ്പിട്ട് നിൽക്കുകയാണ്. 2024 ലും ബിജെപി തന്നെ ജയിക്കുമെന്ന് പ്രതിപക്ഷ പാർടികളുടെ അസ്വസ്ഥതയിൽ നിന്ന് വ്യക്തമാണ്–- മോദി പറഞ്ഞു.