കണ്ടതും കാണാത്തതും
നാരദർ
എട്ടു വർഷമായി കേരളീയർ കേൾക്കുന്ന ഒരു വാക്കാണ് കരുതലുള്ള സർക്കാർ … വെള്ളപ്പൊക്കം കോവിഡ് എല്ലാത്തിനെയും നേരിട്ടു എന്നാണ് സർക്കാർ വക്താക്കൾ പബ്ലിക് റിലേഷൻ വകുപ്പ് വഴി പടച്ചു വിടുന്നത് .കോവിഡ് കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം ആറുമണിക്ക് ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു കോവിഡിനെ വിരട്ടുന്ന ദിനങ്ങളും ഉണ്ടായിരുന്നു .അങ്ങനെ വീട്ടമ്മമാർ ഉൾപ്പെടെ ഇതെല്ലം നേരാണെന്ന് തെറ്റിദ്ധരിച്ചു വീണ്ടും അധികാരത്തിലേറ്റി.എന്നാൽ ഇന്ന് ആരോഗ്യ മേഖലയുടെ സ്ഥിതി പരമ ദയനീയമാണ് .ഭരണാനുകൂല ഉദ്യോഗസ്ഥ ധാർഷ്ട്യം മൂലം സർക്കാർ ആശുപത്രികൾ ജനങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയാണ് . ഇപ്പോൾ കോവിഡ് ബാധിക്കുന്നവരുടെ കാര്യം ,നാട്ടുഭാഷയിൽ പറഞ്ഞാൽ കട്ടപ്പൊകയാണ് .ആവശ്യമായ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിതർ നെട്ടോട്ടത്തിലാണ് .
കഴിഞ്ഞ ദിവസം തൊടുപുഴയിൽ ഒരു രോഗിക്ക് ഉണ്ടായ അനുഭവം നഗരത്തിലെ ഒരു യുവ വ്യാപാരി പറഞ്ഞത് കേട്ടപ്പോൾ സത്യത്തിൽ നടുങ്ങി പോയി .കരുതലുള്ളവർ ഭരിക്കുമ്പോൾ കോവിഡ് രോഗികൾ സർക്കാർ ആശുപത്രിക്കു പുറത്തു എന്ന സ്ഥിതിയാണ് .
യുവ വ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരന്റെ പിതാവിന് കോവിഡ് ബാധിച്ചു .മറ്റു പല രോഗങ്ങളും സർജറിയും നടത്തിയിട്ടുള്ള ആളായതിനാൽ പ്രമുഖ ആശുപത്രിയിൽ ചികിത്സ തേടി എത്തി .കോവിഡ് ബാധിതൻ എന്ന് അറിഞ്ഞതോടെ അവിടെ ഇപ്പോൾ കോവിഡ് രോഗികൾക്ക് ചികിൽസിക്കാൻ അസൗകര്യം ഉള്ളതായി അറിയിച്ചു .തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചു .നൂറുകണക്കിന് കോവിഡ് ബാധിതരെ രക്ഷപെടുത്തിയതായി ഇവർ അടുത്ത നാളിൽ വാർത്ത സമ്മേളനം നടത്തി മാലോകരെ അറിയിച്ചിരുന്നു .പത്ര വാർത്ത മനസിൽ ഉള്ളതിനാലാണ് അവരെ സമീപിച്ചത് .എന്നാൽ അവിടുന്നുള്ള മറുപടി വിചിത്രമായിരുന്നു .അവിടെ മുഴുവൻ കോവിഡ് ബാധിതരാണെന്ന പ്രചാരണം മൂലം ഇതര രോഗികൾ കുറഞ്ഞത്രെ .അതിനാൽ കോവിഡ് ബാധിതരെ ചികിൽസിക്കുന്നതു തത്ക്കാലം നിർത്തി വച്ചിരിക്കുകയാണത്രെ .
രണ്ടു ആശുപത്രികൾ നോ പറഞ്ഞപ്പോഴാണ് ഇവർ കരുതലുള്ള സർക്കാരിന്റെ കാര്യം ഓർത്തത് .തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിൽ രോഗിയുമായി എത്തി .അപ്പോൾ അവിടെ നിന്നും ശകാരം ..ആരാണ് കോവിഡ് ബാധിതനെ അവിടെ കൊണ്ട് വന്നതെന്നായിരുന്നു അവരുടെ ചോദ്യം .അവിടെ ഇപ്പോൾ കോവിഡ് ബാധിതരെ ചികിത്സയ്‌ക്കില്ലത്രേ .വീണ്ടും സർക്കാരിന്റെ പി .ആർ .പരസ്യം ഇവരുടെ മനസ്സിൽ എത്തി .അങ്ങനെ രോഗിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിക്കാൻ 108 ആംബുലൻസ് വിളിച്ചു .വിചിത്രമായ മറുപടിയാണ് ലഭിച്ചത് .ഇപ്പോൾ 108 ആംബുലൻസുകളിൽ കോവിഡ് ബാധിതരെ കയറ്റാറില്ലത്രേ .സർക്കാരിന്റെ കരുതൽ ഇങ്ങനെ എന്ന് ബോധ്യപ്പെട്ട രോഗിയുടെ ബന്ധുക്കളിൽ ഒരാൾ ആരെയോ സ്വാധീനിച്ചു ആദ്യം പ്രവേശനം
നിഷേധിച്ച കോവിഡ് പേരുദോഷമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .അവിടെയും പാക്കേജാണ് .ഭക്ഷണം ,മരുന്ന് ,നോട്ടം ,കിടപ്പു എല്ലാത്തിനുമായി പ്രതിദിനം ഏഴായിരം രൂപ .
പാവങ്ങൾക്കു കോവിഡ് വന്നാൽ അവസ്ഥ എങ്ങനെയിരിക്കും .അപ്പോഴും പി .ആർ .ഏജൻസികൾ പറയും കരുതലുള്ള സർക്കാർ ..എന്ന് ..എന്നിട്ടും ഇവരുടെ പിന്നാലെ നടക്കുന്ന ജനതയോട് സഹതാപം മാത്രം ..
എട്ടു നിലയിൽ ഉയർന്നു നിൽക്കുന്ന തൊടുപുഴ ജില്ലാ ആശുപത്രി ഇപ്പോൾ കുറെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള സംവിധാനമായി മാറിയിരിക്കുകയാണ് .രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്യില്ല .കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യും .അതിനു ഒന്നോ രണ്ടോ ഡോക്ടർമാരും ജീവനക്കാരും പോരെ എന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത് . കൈക്കൂലി കേസിൽ ഡോക്ടറെ വിജിലൻസ് പിടികൂടിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം .വീടുകളിൽ രോഗികളെ നോക്കുന്നത് സർക്കാർ ഡോക്ടർമാർ സംഘടിതരായി നിർത്തി വച്ചിരിക്കുകയാണ് .പ്രസവം ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്കു ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പോകണം .വിജിലൻസിനോടുള്ള വൈരാഗ്യമാണ് വരുന്ന രോഗികളെ റെഫർ ചെയ്‌യുന്ന അവസ്ഥയ്ക്ക് കാരണം .വീടുകളിൽ ശ്രെദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ അവിടെയും ഞങ്ങൾ വരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണ് ഉള്ള സഹായം ഇല്ലാതാക്കിയത് .കാണുന്നവരെയെല്ലാം ഇപ്പോൾ വിജിലൻസിന്റെ ആളുകൾ ആയിട്ടാണത്രെ ഡോക്ടർമാർക്ക് തോന്നുന്നത് .പണം വാങ്ങാൻ ഭയം .അത് പാവങ്ങളായ രോഗികളുടെ വയറ്റത്തടിച്ചു എന്ന് പറയേണ്ട സാഹചര്യം .
ഇതിനിടെ ന്യൂറോ ,ഗൈനക്കോളജി വിഭാഗങ്ങളിൽ നല്ല സേവനം നൽകിയിരുന്ന ഡോക്ടർമാരെ അടുത്ത നാളിൽ സ്ഥലം മാറ്റുകയും ചെയ്തു .സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഇത് എന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാനാവുമോ … മന്ത്രി വീണ ജോർജ് ഒരു വര്ഷം മുൻപ് തൊടുപുഴ ജില്ലാ ആശുപത്രി ന്യൂറോ വിഭാഗത്തിൽ വൻ നേട്ടം കൊയ്തതായി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു .ഈ വിഭാഗത്തിലെ
ഡോക്ടറെ ജില്ലയ്ക്കു പുറത്തേയ്ക്കു സ്ഥലം മാറ്റിയാണ് പാവങ്ങളെ കരുതലുള്ള സർക്കാർ ഇപ്പോൾ കൈകാര്യം ചെയ്തത് .
വാൽക്കഷ്ണം :ഡി .എം .ഓ, ആർ .എം .ഓ .,ആശുപത്രി വികസന സമിതി .. ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഭരണകക്ഷി പ്രാദേശിക നേതാവ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും യോഗം വിളിച്ചു പ്രവർത്തനം നന്നാക്കണമെന്നു ആവശ്യപ്പെട്ടത്രെ . സർട്ടിഫിക്കേറ്റ് വിവാദങ്ങൾ നടക്കുന്ന കാലമായതിനാൽ നേതാവ് എം .ബി ബി .എസും തരപ്പെടുത്തിയോ എന്നാണ് ഇപ്പോൾ ജനത്തിന്റെ സംശയം .