കുട്ടിക്കാനം : വഴിതെറ്റുന്ന യുവതലമുറയെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ജീവിതമാകണം ലഹരി. യുവതലമുറയുടെ ഊര്‍ജം ഗുണകരമായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ നാടിന് മുന്നേറാന്‍ കഴിയൂ. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ ആന്റി നാര്‍ക്കോട്ടിക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. മരിയന്‍ കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബ് പ്രവര്‍ത്തിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ ‘റെയ്‌സ് ടു ഹെല്‍ത്ത്’ ആന്റി ഡ്രഗ് അബ്യൂസ് കാമ്പയിന്റെ ഉദ്ഘാടനവും ജില്ലാകളക്ടര്‍ നിര്‍വഹിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് പൊങ്ങംതാനത്തിന് കാമ്പയ്ന്‍ ലോഗോ നല്‍കി പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളം ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് റെയ്‌സ് ടു ഹെല്‍ത്ത്’ ആന്റി ഡ്രഗ് അബ്യൂസ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കളക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ സന്ദേശ ഫ്‌ളാഗ് മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അജിമോന്‍ ജോര്‍ജിന് നല്‍കി കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. മനോജ് എല്‍ അധ്യക്ഷത വഹിച്ചു.
‘മനുഷ്യന് പ്രാധാന്യം നല്‍കാം ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. പീരുമേട് എസ് എച്ച് ഓ സുമേഷ് സുധാകര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ല മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ആതിര ചന്ദ്രന്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ നയിച്ചു.
പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ സുരേഷ് വര്‍ഗീസ് എസ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അനൂപ് കെ, കുട്ടിക്കാനം മരിയന്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാ. ജോസഫ് പൊങ്ങംതാനത്ത്, എന്‍ എച്ച് എം കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, ജില്ലാ മാസ് മീഡിയ ഓഫിസര്‍ തങ്കച്ചന്‍ ആന്റണി, മരിയന്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് എച്ച് ഓ ഡി ഡോ ജോബി ബാബു, എന്‍ എസ് എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ജസ്റ്റിന്‍ പി ജെ, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.