അടിമാലി: മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട്, കേസ് ഒഴിവാക്കാൻ കൈകൂലി വാങ്ങിയ സംഭവത്തിൽ അടിമാലി ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐക്ക് സസ്പെൻഷൻ. എസ്.ഐ. മുജീബിനെയാണ് റേഞ്ച് ഐ.ജി. സസ്പെൻഡ് ചെയ്തത്. പോലീസ് വാഹനത്തിന്റെ ഡ്രൈവർ സിയാ അലിക്കെതിരേയും നടപടി ഉണ്ടാകും.
ജൂലായ് ആറിനായിരുന്നു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഈസ്റ്റേൺ സ്കൂൾപടിയിൽ വാഹനങ്ങൾ പോലീസ് പരിശോധിക്കുകയായിരുന്നു. ഈസമയം ഒരു കാർ എത്തി. അതിൽ ഒരുചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നുപേർ ഉണ്ടായിരുന്നു. ആൽക്കോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
കേസ് ഒതുക്കിത്തീർക്കാൻ ഡ്രൈവർ സിയാ അലി 1000 രൂപ ആവശ്യപ്പെട്ടു. 400 രൂപ നേരിട്ട് നൽകി. 600 രൂപ സമീപത്തെ ബജി കടക്കാരന്റെ ഗൂഗിൾ പേ നമ്പറിൽ പോലീസ് പറഞ്ഞ പ്രകാരം നൽകി. വാഹനത്തിൽ ഉണ്ടായിരുന്നവർ ഇടുക്കി എസ്.പി.ക്ക് രേഖകൾ സഹിതം പരാതി നൽകി. ഇടുക്കി ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.