Timely news thodupuzha

logo

സി.പി.ഐ.എം ദേശീയ സെമിനാറിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ

തിരുവനന്തപുരം: സി.പി.എം ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപിജയരാജന്‍ പങ്കെടുക്കില്ല. ഇ.പി ഇപ്പോൾ തലസ്ഥാനത്താണുള്ളത്.

ഇ.പി.തിരുവനന്തപുരത്ത് എത്തിയത് ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ്. പാർട്ടിയുമായുള്ള പൊരുത്തക്കേട് തുടരുന്നതിനിടെയാണ് ഈ പ്രശ്നം വന്നിരിക്കുന്നത്. ഇ.പി എം.വിഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നത്.

പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇ.പി വിട്ടുനില്‍ക്കുന്നുണ്ട്. പാർട്ടിക്കുള്ളിലും ഇ.പിയുടെ പെരുമാറ്റത്തിനെതിരെ ശബ്ദങ്ങൾ ഉയർന്നിരുന്നു. ഘടകകക്ഷികളുമായുള്ള ഏകോപനം ഇടതു മുന്നണി കണ്‍വീനറെന്ന നിലയിൽ വേണ്ടവിധം നടക്കുന്നില്ലെന്നാണ് അവരുടെ ആക്ഷേപം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവില്‍ കോഡ് വിഷയത്തില്‍ പരാമര്‍ശം നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഈ സെമിനാര്‍ നടത്തുന്നത്. സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. അതേസമയം, ഇതിനെ ചുറ്റിപറ്റിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും തുടർന്നു കൊണ്ടിരിക്കുകയാണ്.

ലീഗ് സി.പി.എം ക്ഷണം നിരസിച്ചെങ്കിലും സമസ്തയുടെ സെമിനാറില്‍ പങ്കെടുക്കാനുളള തീരുമാനം സംഘാടകര്‍ക്ക് നേട്ടമായി. എന്നാൽ സമസ്തയിലെ ഒരു വിഭാഗം, വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന പാര്‍ട്ടി നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുക ആണ്. കഴിഞ്ഞ ദിവസം എം.വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.

സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ഇതിനു ശേഷം വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നുളള നിലപാട് ശരിയല്ലെന്നും വ്യക്തി നിയമങ്ങളെ സംരക്ഷിക്കാനാണ് ഏക സിവില്‍ കോഡിനെ നിരാകരിക്കുന്നതെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഏക സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നടപ്പാക്കാനുളള നീക്കത്തിനെതിരായ യോജിച്ചുളള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം പങ്കെടുക്കുന്നത് സെമിനാറിന് കിട്ടുന്ന പൊതു സ്വീകര്യതയുടെ തെളിവാണെന്നും സംഘാടകർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *