കൊച്ചി: സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് വൻതുക തട്ടിയവർ പിടിയിൽ.
എറണാകുളം എളംകുളം ഈസ്റ്റ് എൻക്ലേവ് ഫ്ലാറ്റിൽ സതീഷ് ചന്ദ്രൻ (66), ഇടനിലക്കാരായ കോഴിക്കോട് നാദാപുരം സ്വദേശി കുനിൽ മൈമൂദ് (സലിം–-50), തേവര പെരുമാനൂർ ആലപ്പാട്ട് ക്രോസ്സ് റോഡ് പാലക്കൽ വീട് എം കെ ബിജു (48) എന്നിവരാണ് എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്.
മലപ്പുറം സ്വദേശിയായ അബ്ദുൾ ബാസിതിന് കെഎംആർഎല്ലിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി നൽകാമെന്ന് പറഞ്ഞ് 11 ലക്ഷം തട്ടിയ കേസിലാണ് അറസ്‌റ്റ്. 2021ലായിരുന്നു സംഭവം. സതീഷ് ചന്ദ്രന്റെ എളംകുളത്തുള്ള വസതിയിൽ നേരിട്ട് രണ്ട് ലക്ഷം രൂപയും അക്കൗണ്ട് മുഖാന്തരം ഒമ്പത് ലക്ഷവുമാണ് കൈക്കലാക്കിയത്.
സതീഷ് ചന്ദ്രനാണ് സംഘത്തിലെ പ്രധാനി. കേരളത്തിലുടനീളം 50 ഉദ്യോഗാർഥികളെ സമാനരീതിയിൽ കബളിപ്പിച്ചതായി കണ്ടെത്തി. കാംകോ, ചങ്ങനാശേരി എൻഎസ്‌എസ് കോളേജ്, സിവിൽ സപ്ലൈസ് കോർപറേഷൻ, ദേവസ്വംബോർഡ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്. സതീഷ് ചന്ദ്രന്റെ അക്കൗണ്ട് മുഖാന്തരം രണ്ട് കോടിയോളം രൂപ കൈപ്പറ്റിയിട്ടുള്ളതായി തെളിഞ്ഞു.
കോട്ടയം, കണ്ണൂർ ജില്ലകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.മുൻമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സിവിൽ സപ്ലൈസ് കോർപറേഷനിൽ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിൽ അന്വേഷണവിധേയനായിട്ടുണ്ട്.
പ്രതിയുടെ കൈയിൽ നിന്ന് ലാപ്ടോപ്പും പെൻഡ്രൈവും കണ്ടെടുത്തു. എസിപി പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.