Timely news thodupuzha

logo

ആരോഗ്യനില തൃപ്തകരം, സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി അരിക്കൊമ്പൻ നിൽക്കുന്ന സ്ഥലം വ്യക്തമാണെന്ന് തമിഴ്നാട് വനംവകുപ്പ്

തിരുവനന്തപുരം: അരിക്കൊമ്പൻറെ ആരോഗ്യനില തൃപ്തകരമാണെന്നും അത് മറ്റ് ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നിട്ടുണ്ടെന്നും തമിഴ്നാട് അറിയിച്ചതായി വനംവകുപ്പ് ഉന്നതതലയോഗത്തിൽ വിശദീകരണം. ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം സംബന്ധിച്ച് പെരിയാറിലുള്ള സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു അടിയന്തര ഉന്നതതല യോഗം.
തൃശൂർ ചേലക്കരയിൽ കാട്ടാന കൊല്ലപ്പെട്ടതും ആനക്കൊമ്പിൻറെ ഭാഗം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്തിട്ടുള്ള കേസിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

പിടി 7 (ധോണി) എന്ന ആനയെ പിടികൂടുന്ന സമയത്തു തന്നെ കാഴ്ച്ചയുടെ മങ്ങൽ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ചീഫ് വെറ്ററിനറി സർജൻഅരുൺ സഖറിയ യോഗത്തിൽ അറിയിച്ചു. പിടികൂടിയ സമയം ആന അക്രമാസക്തമായതിനാലും പിന്നീട് കൂട്ടിലാക്കേണ്ടി വന്നതിനാലും അന്ന് കൃത്യമായ ചികിൽസ നൽകാൻ സാധിക്കുമായിരുന്നില്ല.

പിടികൂടി ഒരാഴ്ച്ചയ്ക്കകം തന്നെ ആൻറി ബയോട്ടിക്കും കണ്ണിനുള്ള തുള്ളി മരുന്നുകളും നൽകി. കോർണിയ തെളിഞ്ഞിട്ടുണ്ട് എന്നാൽ ലെൻസിന് തെളിച്ചം വന്നിട്ടില്ല. ആനയെ കിടത്തി ഓഫ്താൽമിക് പരിശോധനകൾ നടത്തി തുടർ ചികിൽസ നൽകണം. എന്നാൽ, ആനയുടെ തുടർ ജീവിതത്തിന് ഈ പ്രശ്നം തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് സർക്കാർ കൂട്ടു നിൽക്കുന്നതുമായുള്ള ചില വാർത്തകൾ തെറ്റാണ്.

ഇതുവരെ ഒരാൾക്കും ആനയെ കൊണ്ടുപോകുന്നതിന് അനുവാദം നൽകിയിട്ടില്ല. ആനകൾക്കുള്ള വിദഗ്ധ ചികിൽസ കേരളത്തിൽ തന്നെ ലഭ്യമാണെന്നും അതിന് മറ്റ് സംസ്ഥാനത്തേക്ക് പോകേണ്ട ആവശ്യം ഇല്ലെന്നും യോഗം വിലയിരുത്തി. വാളയാറിൽ കൂട്ടം തെറ്റി വന്ന കുട്ടിയാന ആരോഗ്യവാനാണ്.

ഇതിനെ നിരീക്ഷിക്കുന്നതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ വനം അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, മുഖ്യവനം മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്, വനം വിജിലൻസ് മേധാവി പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *