ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ നിറവിൽ രാജ്യം. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതായും രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യം മണിപ്പൂരിനൊപ്പമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിൽ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇപ്പോൾ മണിപ്പൂർ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും മോദി പറഞ്ഞു. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാരും നടത്തുന്നുണ്ട്. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പത്താമത് സാമ്പത്തിക ശക്തിയിൽ നിന്നും ഇന്ത്യ അഞ്ചാമതെത്തി. അടുത്ത 5 വർഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും. സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിൻറെ പ്രതീക്ഷ. ഇന്നത്തെ തീരുമാനങ്ങൾ രാജ്യത്തെ ആയിരം വർഷം മുന്നോട്ടു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യ ലോകത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തിയെന്നും മോദി പറഞ്ഞു.
ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. രാജ്യത്ത് എല്ലാവർക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. 2014 ൽ ജനങ്ങൾ സ്ഥിരതയുള്ള ഒരു സർക്കാരിനായി വോട്ട് ചെയ്തു. ഈ സർക്കാരിന് രാജ്യമാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു.