കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ ബാംഗ്ലൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സ്വദേശികളായ സുബീഷ് പി.വാസു(31), ശില്‍പ ബാബു(27) എന്നിവരാണ് പിടിയിലായത്. മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ വ്യവസായി കെ.ആര്‍.കമലേഷില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി.
കൊല്ലം കരുനാഗപ്പള്ളിയില്‍ വച്ച് പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇവരെ പിന്നീട് ബാംഗ്ലൂരില്‍ നിന്ന് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.
വിദേശമദ്യം ഇറക്കുമതി ചെയ്യുന്ന പുതിയ സംരംഭം തുടങ്ങുന്നുവെന്നു പറഞ്ഞായിരുന്നു ഹൈദരാബാദ് സ്വദേശിയെ ഇവര്‍ സമീപിച്ചത്. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എല്‍.എല്‍.പിയെന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചായിരുന്നു വലയൊരുക്കിയത്.