തിരുവനന്തപുരം: പൊതുപ്രവർത്തനത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നതായി കെ. മുരളീധരൻ എംപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം പരോക്ഷമായി നൽകുന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കെ.കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിലായിരിക്കും താൻ തത്കാലം കൂടുതൽ ശ്രദ്ധിക്കുക എന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ, പൊതുപ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ശേഷം കൂടുതൽ സംസാരിക്കാമെന്നും, സെപ്റ്റംബർ ആറിനു കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.