Timely news thodupuzha

logo

വീട്ടുവളപ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ, കോൺഗ്രസ് പ്രവർത്തകനുൾപ്പെടെ 5 പേർ അറസ്റ്റിൽ

മലപ്പുറം: വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വിഷ്ണുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുവാരക്കുണ്ട് തുവ്വൂരിലാണ് സംഭവം. ഇവിടെ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിൻറെ ഭാര്യ സുജിതയാണ് മരിച്ചത്.

കുടുംബശ്രീ പ്രവർത്തകയും കൃഷിഭവനിൽ താത്കാലിക ജീവനക്കാരിയുമായിരുന്നു. പ്രതി വിഷ്ണു പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുജിതയുടെ തിരോധാനത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് വിഷ്ണുവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. സുജിതയുടേതു തന്നെയാണ് മൃതദേഹം എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതാകുന്നത്. നേരത്തെ ഓഫീസിൽ നിന്നിറങ്ങിയ ശേഷം വിവരമൊന്നും കിട്ടാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഈ വിവരം വിഷ്ണുവും ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും സുജിതയെ കണ്ടെത്താൻ സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. സുജിതയുടെ അവസാനത്തെ ഫോൺ കോൾ വിഷ്ണുവിൻറെ നമ്പറിലേക്കായിരുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഇയാളിലേക്കു തിരിഞ്ഞത്.

തുടർന്നു നടത്തിയ പരിശോധനയിൽ, മാലിന്യ ടാങ്കിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവുചെയ്തതായി കണ്ടെത്തുകയായിരുന്നു. കുഴിക്കു മുകളിൽ മെറ്റൽ വിതറി കോഴിക്കൂടും വച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *