Timely news thodupuzha

logo

പാറപ്പുറം–വല്ലംകടവ് പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു

കൊച്ചി: എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമായി പാറപ്പുറം–വല്ലംകടവ് പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകളെ വികസനക്കുതിപ്പിലേക്ക്‌ നയിക്കുന്ന പാറപ്പുറം–വല്ലംകടവ് പാലം പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്.

ബെന്നി ബെഹ്‌ന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പെരുമ്പാവൂര്‍,- ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 23 കോടി ചെലവിലാണ് നിർമിച്ചത്. പാലത്തിന് 2016ലാണ് എൽ.ഡി.എഫ് സർക്കാർ തുക അനുവദിച്ചത്. 2016ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം പ്രളയവും ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറിയതുംമൂലം മന്ദഗതിയിലായിരുന്നു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പൊതുമരാമത്തുമന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതോടെ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പാലംനിർമാണം പുനരാരംഭിച്ചത്.

ഒമ്പത്‌ സ്പാനുകളോടെ 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചത്. പാലം ഗതാഗത സജ്ജമായതോടെ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ എളുപ്പം എത്താനാകും. കാലടി ശ്രീശങ്കര പാലത്തിനും എം.സി റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസായി പാറപ്പുറം–-വല്ലംകടവ് പാലം മാറും.

മറ്റു ജില്ലകളില്‍നിന്ന്‌ എം.സി റോഡ് വഴി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ വരുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എത്താം. കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ ആറു കിലോമീറ്ററോളം ലാഭിക്കാം. പെരിയാറിന്റെ ഇരുകരകളിലുമുള്ള കാഞ്ഞൂർ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം തുടങ്ങിയ തീർഥാടന സ്ഥലങ്ങളിലേക്കും എളുപ്പമാർഗമാകും.

Leave a Comment

Your email address will not be published. Required fields are marked *