തൃശൂർ: കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി.മൊയ്തീന്‍റെ നിർദേശ പ്രകാരമാണെന്ന് ഇഡി കണ്ടെത്തൽ.
പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടുപാടുകൾ നടത്തുകയായിരുന്നെന്നും ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവടക്കം കൂട്ടു നിന്നിരുന്നെന്നും ഇ.ഡി വ്യക്തമാക്കി. ബാങ്കിൽ നിന്നും 150 കോടി രൂപ തട്ടിയെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി. അഞ്ച് കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു.
ക്രമക്കേടുകൾക്കായി കരുവന്നൂർ ബാങ്കിൽ രണ്ട് രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും ഇ.ഡി കണ്ടെത്തി. നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽനിന്നാണു മൊയ്തീന്‍റെ പങ്കിനെക്കുറിച്ച് ഇ.ഡിക്കു സൂചന ലഭിച്ചത്.
25 കോടി രൂപയുടെ വായ്പ ലഭിച്ച നാലു പേർ മൊയ്തീന്‍റെ ബിനാമികളാണെന്ന് ഇ.ഡിക്ക് ആദ്യ ഘട്ടത്തിൽ തന്നെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണു റെയ്‌ഡിലേക്ക് എത്തിയത്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. മൊയ്തീന്‍റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു പൂർത്തിയായത്.