Timely news thodupuzha

logo

തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻ്റസ് വെൽഫെയർ സഹകരണ സംഘത്തിൻറെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം

തൊടുപുഴ: കേരളത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.  സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്  സഹകരണ മേഖല. ചുരുക്കം ചില പുഴുക്കുത്തുകൾ എല്ലാ മേഖലയിൽ എന്നപോലെ സഹകരണ മേഖലയിലും കടന്നുകയറിയിട്ടുണ്ട്. കർശനമായ സാമ്പത്തിക അച്ചടക്കവും സുതാര്യമായ  പ്രവർത്തന ശൈലിയും നിലനിർത്തി സഹകാരികളോട് വിശ്വസ്തതയും പ്രതിബദ്ധതയും പുലർത്തുവാൻ  സഹകരണ സംഘങ്ങളുടെ ഭാരവാഹികൾക്ക് ഉത്തരവാദിത്വവും കടമയും ഉണ്ട്. തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻ്റസ് വെൽഫെയർ സഹകരണ സംഘത്തിൻറെ പുതിയ ഓഫീസ് മന്ദിരം കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടന പ്രകാരം ഉറപ്പു നൽകുന്നതാണ് സഹകരണ മേഖല. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുത്ത് സഹകരണ മേഖലയിലും ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കും. കേരളത്തിലെ അർബൻ ബാങ്കുകളെ പ്രതിസന്ധിയിൽ ആക്കിയതിൽ പ്രധാനപ്പെട്ട  കാരണം  കേന്ദ്രം റിസർവ് ബാങ്കിനെ ഉപയോഗിച്ച് നടത്തുന്ന ഇടപെടലുകളാണ്.  സഹകാരികളുടെ നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുവാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡ് രൂപവൽക്കരിച്ചത് തന്നെ സഹകരണ മേഖലയെ പരിരക്ഷിക്കുന്നതിനാണ്. സഹകരണ   മേഖലയുടെ വിശ്വാസ്യത വളർത്തിയെടുക്കുന്നതിനും നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുന്നതിനുമായി കാലോചിതമായ കൂടുതൽ നിയമപരിഷ്കരണം സംസ്ഥാന സർക്കാർ സഹകരണ നിയമഭേദഗതിയുടെ നടപ്പിൽ വരുത്തുവാൻ ആഗ്രഹിക്കുകയാണ്. സഹകരണ മേഖല കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് നൽകിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ട്ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ അടച്ച് ആക്ഷേപിക്കുന്നത് ദൂരെവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു .

കോവിഡ് മഹാമാരിയും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും കച്ചവട മാന്ദ്യവും കേരളത്തിൻറെ സമ്പദ്ഘടനയെ പിടിച്ചു കുലുക്കിയ നാളുകളിൽ കേരളത്തിലെ വ്യാപാര മേഖലയ്ക്ക് താങ്ങും തുണയുമായി നിന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ആണെന്ന് ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓഫീസ് മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന പൊതൂ സമ്മേളനം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  കേരളത്തിന്റെ സഹകരണ മേഖല ഇന്ത്യയ്ക്ക് മാതൃകയാണ്. സഹകരണ മേഖല സ്പർശിക്കാത്ത  ഒരു സംരംഭം നമ്മുടെ നാട്ടിൽ ഇല്ല എന്നുള്ളതാണ് വാസ്തവം. സഹകരണ മേഖലയെ തകർക്കുന്ന ശക്തികൾക്കെതിരെ സംസ്ഥാന ഗവൺമെൻറ് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസതയും സുതാര്യതയും സുരക്ഷിതത്വവും ആയിരിക്കണം സഹകരണ മേഖലയുടെ മുദ്രാവാക്യങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ സഹകരണ സംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.  സോഫ്റ്റ്‌വെയർ ഇൻസ്റ്റാളിങും  പുരസ്കാര വിതരണവും മന്ത്രി നിർവഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ, പ്രഫ .കെ.ഐ ആൻറണി,പാക്സ് പ്രസിഡൻറ് കെ ദീപക്, പ്രശോഭ് ആർ നായർ, അസിസ്റ്റൻറ് രജിസ്ട്രാർ മിനി സി .ആർ, പി പി ജോയ്, പി ജി രാജശേഖരൻ, ജിമ്മി മറ്റത്തിപാറ ,റെജി കുന്നംകോട്ട്, വർഗീസ് കുര്യൻ മാടപ്പറമ്പിൽ, കെ സുരേഷ് ബാബു, സാലി എസ് മുഹമ്മദ്, സാജു കുന്നേമുറി,ഷാജി വർഗീസ് ഞാളൂർ, സി എസ് ശശീന്ദ്രൻ,നിമ്മി ഷാജി, ജോമി കുന്നപ്പള്ളി, ഷിബു ഈപ്പൻ, സിനി മനോജ്, കെ ആർ സുരേഷ് , രാജലക്ഷ്മിപ്രകാശ് സംഘം സെക്രട്ടറി അജ്മൽ കെ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *