Timely news thodupuzha

logo

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പതാക ഉയർത്തി ഉപരാഷ്ട്രപതി

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്‍റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവൻഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പശ്ചിമ ബംഗാൾ പിസിസി പ്രസിഡന്‍റും എംപിയുമായ അധിർ ചൗധരി, രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി എന്നിവരും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത് ആശംസകളറിയിച്ചു.

5 ദിവസത്തെ പ്രത്യേക സമ്മേളനത്തിനു ഒരു ദിവസം മുൻപേയാണ് പുതിയ മന്ദിരത്തിൽ പതാക ഉയർത്തുന്നത്. പാർലമെന്‍റ് പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിലായിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ലോക് സഭാ സെക്രട്ടേറിയറ്റ് പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടിരിക്കുന്നത്.

അതേ സമയം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. പതാക ഉയർത്തൽ ചടങ്ങിലേക്കുള്ള ക്ഷണം ഏറെ വൈകിപ്പോയതിലുള്ള നിരാശ പങ്കു വച്ചു കൊണ്ട് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിക്ക് കത്തെഴുതിയിട്ടുണ്ട്. കോൺഗ്രസ് വർകിങ് കമ്മിറ്റിയുടെ യോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 വരെ ഹൈദരാബാദിലാണെന്നും വൈകിയ വേളയിൽ തിരിച്ച് ഡൽഹിയിൽ എത്തുക എന്നത് തനിക്ക് സാധ്യമല്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *