കൊച്ചി: അട്ടപ്പാടി മധു കൊലപാതക കേസില്‍ അഡ്വ. കെ.പി.സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ. കുടുംബമോ സമര സമിതിയെയോ അറിയാതയാണ് ഈ നിയമനമെന്ന് മല്ലിയമ്മ പറഞ്ഞു.
ഇതിനെതിരെ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി സമർപ്പിക്കും. അഡ്വ. ജീവേഷ്, അഡ്വ. രാജേഷ്.എം.മേനോൻ, അഡ്വ. സി.കെ.രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്.
ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്പോൾ സർക്കാർ ഏകപക്ഷീയമായി ഡോ. കെ.പി.സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയതെന്ന് മല്ലിയമ്മ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ തേടിയാണ് സങ്കട ഹർജി നൽകുന്നത്.