തിരുവനന്തപുരം: പാറശാലയിൽ സ്‌കൂൾ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിലാണ് കൈക്ക് പരിക്ക് പറ്റിയതെന്നാണ് പരാതി. പാറശാല ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി കൃഷ്ണ കുമാറിനാണ് മർദ്ദനമേറ്റത്.
രണ്ട് വിദ്യാർഥികൾ തമ്മിലുള്ള വിഷയത്തിൽ ക്ലാസ് ലീഡറെന്ന നിലയിൽ കൃഷ്ണ കുമാർ ഇടപെടുകയായിരുന്നു. പിന്നീടിക്കാര്യം സ്‌കൂൾ അധികൃതരെ അറിയിച്ചു. ഇതിന് പ്രതികാരമെന്നോണം, വൈകുന്നേരം മൂന്ന് മണിയോടെ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചത് എന്തിനെന്ന് ചോദിച്ച് രണ്ടു വിദ്യാർഥികൾ കൃഷ്ണകുമാറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വാക്കുതർക്കത്തിനിടെ കുപിതരായ സഹപാഠികൾ കൃഷ്ണകുമാറിന്റെ കൈ തല്ലിയൊടിക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതിയിൽ പ റയുന്നത്.
കൃഷ്ണ കുമാർ പിന്നീട് പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് വിദ്യാർഥികൾക്കെതിരെ സ്‌കൂൾ അധികൃതർ പാറശാല പൊലീസിൽ പരാതി നൽകി.