അയോധ്യ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റു രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുരാ കലാന്ദറിലുണ്ടായ ഏറ്റുമുട്ടലിൽ ആക്രമണക്കേസിലെ പ്രതികളായ അനീഷ്, ആസാദ്, വിശംഭർ ദയാൽ ദുബേ എന്നിവർക്ക് പരിക്കേറ്റതായും മുഖ്യപ്രതിയായ അനീഷ് മരണപ്പെട്ടതായും സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് വനിതാ കോൺസ്റ്റബിൾ സരയൂ എക്സ്പ്രസിൻറെ കംപാർട്മെൻറിൽ ആക്രമണത്തിനിരയായത്. മുഖത്തും തലയോട്ടിയിലും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ ട്രെയിനിൻറെ സീറ്റിനടിയിൽ നിന്നാണ് കോൺസ്റ്റബിളിനെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അയോധ്യ റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.