Timely news thodupuzha

logo

നിപാ; 27 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: പുതിയ നിപാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷനിലുള്ളവർ 21 ദിവസം ഐസൊലേഷനിൽ തന്നെ തുടരണം.      

എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവിൽ 981 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്.    

ആകെ 307 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.നിപാ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്.      

മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 437 പേരാണുള്ളത്. കോൾ സെന്ററിൽ ബുധനാഴ്ച 25 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,263 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 69 എണ്ണം ഒഴിവുണ്ട്.      

ആർ.ഐ.സിയുകളും നാല് വെന്റിലേറ്ററുകളും 14 ഐ.സി.യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും നാല് ഐ.സിയുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ.സി.യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്.    

മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ.സി.യുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐ.സി.യു കിടക്കകളും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.      

ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങൾ. മന്ത്രി ഓൺലൈനായി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *