Timely news thodupuzha

logo

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ

കട്ടപ്പന: ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് 7.41 ലക്ഷം രൂപയുടെ പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റ കേസിൽ രണ്ട്‌ കെ.എസ്.യു പ്രവർത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡു ചെയ്‌തു. ഐ.ടി.ഐയിലെ കെ.എസ്‌.യു പ്രവർത്തകരായ കൊച്ചുകാമാക്ഷി എം.കെ പടി പ്ലാന്തറയ്ക്കൽ ആദിത്യൻ(22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ(19), ഇരട്ടയാറിൽ ആക്രി വ്യാപാരം നടത്തുന്ന പാറക്കോണത്ത് രാജേന്ദ്രൻ(59) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്.

മൂന്ന് എച്ച്.പിയുടെ നാല് ത്രീഫേസ് മോട്ടോറുകൾ, 77 കിലോ വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് മെഷിനിന്റെ 15 ചക്കുകൾ, നാല് ഫേസ് പ്ലേറ്റുകൾ, നാല് ഡ്രൈവിങ്ങ് പ്ലേറ്റുകൾ തുടങ്ങി 11 യന്ത്ര സാമഗ്രികളാണ് ആദിത്യനും അലനും ചേർന്ന് കോളേജിൽ നിന്ന് മോഷ്ടിച്ച് കടത്തി രാജേന്ദ്രന് വിറ്റത്.

വിദ്യാർഥികൾ നടത്തിയ ആസൂത്രണത്തിന് ഒടുവിൽ കോളേജ് അടച്ച ഓണാവധിക്കാലത്ത് ആണ് മോഷണം നടത്തിയത്. വർക്ക്‌ ഷോപ്പിന്റെ ജനാലയുടെ കമ്പിയിളക്കി അകത്തുകടന്നാണ് യന്ത്രസാമഗ്രികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് കാറിൽ ഇരട്ടയാറിലെ ആക്രിക്കടയിലെത്തിച്ച് വിറ്റു. അവധിക്കുശേഷം കോളേജ് തുറന്നപ്പോഴാണ് സാധനങ്ങൾ കാണാതായതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. എസ്‌.ഐ ലിജോ.പി.മണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റു ചെയ്‌തത്.

കോളേജിൽ ആറ് സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പ്രതികൾ കോളേജിൽ അതിക്രമിച്ച് കയറിയതോ മോഷണം നടത്തിയതോ അറിഞ്ഞിരുന്നില്ല.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളുമായി ആക്രിക്കടയിൽ നടത്തിയ തെളിവെടുപ്പിൽ ഭൂരിഭാഗം യന്ത്രസാമഗ്രികളും കണ്ടെത്തി. മോട്ടോറുകൾ കണ്ടെത്താനായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *