തിരുവനന്തപുരം: ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പൊലീസിന്‍റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്‍റെ നമ്പര്‍) എന്ന നമ്പറിലാണ് ഇത്രയും പരാതികളെത്തിയത്.
2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. ആരോപണവിധേയമായ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു.
പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരേ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും.