ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റെക്കോഡോടെ ഇന്ത്യ സ്വർണം നേടിയത്.
ദിവ്യാംശ് സിങ്ങ് പൻവാർ, രുദ്രാക്ഷ് ബാലാസാഹേഹ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ്ങ് തോമർ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് ആദ്യസ്വർണം നേടിത്തന്നത്. 1893.7 പോയിൻറാണ് ഇന്ത്യൻ സംഘത്തിൻറെ അഗ്രഗേറ്റ് സ്കോർ.
ചൈനയെയും ദക്ഷിണ കൊറിയയെയും മറികടന്ന് നടത്തിയ മുന്നേറ്റത്തിൽ ലോക റെക്കോഡും ഇന്ത്യക്കു മുന്നിൽ വഴിമാറി. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള രുദ്രാക്ഷ് 632.5 പോയിൻറ് നേടിയപ്പോൾ, തോമർ 631.6 പോയിൻറും പൻവർ 629.6 പോയിൻറുമാണ് നേടിയത്.
കൊറിയ വെള്ളിയും ചൈന വെങ്കലവും നേടി. ഇന്ത്യൻ സംഘത്തിലെ മൂന്നു പേരും ഇതേ വിഭാഗത്തിൻറെ വ്യക്തിഗത പോരാട്ടത്തിൻറെ ഫൈനലിനുള്ള യോഗ്യത മറികടന്നെങ്കിലും ദിവ്യാംശിന് ഫൈനലിൽ പങ്കെടുക്കാൻ സാധിക്കില്ല. ഒരേ രാജ്യത്തു നിന്നു രണ്ടു പേർക്ക് ഫൈനൽ പ്രവേശനം നൽകില്ലെന്ന ഏഷ്യൻ ഗെയിംസ് ചട്ടമാണ് പ്രതിബന്ധം.