Timely news thodupuzha

logo

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങ്, എം.ജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌

കോട്ടയം: ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എം.ജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌. ടൈംസ്‌ റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ്‌ എം.ജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്‌(ഐ.ഐ.എസ്‌.സി).

തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല എന്നിവയ്ക്കൊപ്പമാണ് എം.ജി രണ്ടാം സ്ഥാനം പങ്കിട്ടത്. 2024ലേക്കുള്ള റാങ്കിങ്ങിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ എം.ജി 2022, 2023 വർഷങ്ങളിലെ റാങ്കിങ്ങിലും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ടൈംസ് യങ്ങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആഗോളതലത്തിൽ 77––ാം സ്ഥാനവും നേടിയിരുന്നു.

ഐ.ഐ.എസ്‌.സി 201 – 250 റാങ്ക് വിഭാഗത്തിലും രണ്ടാം സ്ഥാനത്തുള്ള എംജിയടക്കമുള്ള സർവകലാശാലകൾ 501 – 600 റാങ്ക് വിഭാഗത്തിലുമാണ്.

രാജ്യത്തെ 91 സർവകലാശാലകൾ ഉൾപ്പെട്ട പട്ടികയിൽ കേരളത്തിൽനിന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഇടംനേടി. യുകെയിലെ ഓക്സ്ഫഡ് സർവകലാശാല തുടർച്ചയായ എട്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി.

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല, മസാച്ചുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യു.കെയിലെ ഹർവാഡ്, കേംബ്രിഡ്ജ് സർവകലാശാലകൾ എന്നിവയാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. 108 രാജ്യങ്ങളിലെ 1904 സർവകലാശാലകളാണ്‌ ലിസ്‌റ്റിലുള്ളത്‌.

പുതിയ കാലത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക, ഗവേഷണ മേഖലകളിൽ നടത്തിയ മുന്നറ്റമാണ് റാങ്കിങ്ങിൽ സ്ഥാനം നിലനിർത്താൻ സഹായകമായതെന്ന് വൈസ് ചാൻസലർ ഡോ. സി.റ്റി.അരവിന്ദ കുമാർ പറഞ്ഞു.

യുഎസ് ന്യൂസിന്റെ 2022 – 2023ലെ റാങ്കിങ്ങിൽ പോളിമർ സയൻസിൽ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട എം.ജി വികസ്വര രാജ്യങ്ങളിലെ സർവകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിങ്ങിൽ 101–ാം സ്ഥാനവും ഗവേഷണ – സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *