Timely news thodupuzha

logo

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 2ന്

കൊച്ചി: സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായി പൂർത്തീകരിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായി. 25 കോടി രൂപ മുതൽമുടക്കിൽ ആറു നിലകളിലായി നിർമ്മാണം പൂർത്തീകരിച്ച ക്യാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഒക്ടോബർ രണ്ട് തിങ്കൾ രാവിലെ 10ന് നിർവഹിക്കും.

സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ക്യാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ ക്യാൻസർ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ ക്യാൻസർ സെന്ററിനുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഔട്ട് പേഷ്യന്റ് യൂണിറ്റ്, കീമോതെറാപ്പി വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ വാർഡുകൾ, ക്യാൻസർ ജനറൽ ഐ.സി.യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിലെ അളവുകുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐ.സി.യു എന്നിവ പുതിയ ബ്ലോക്കിൽ സജ്ജമാക്കിയിട്ടുണ്ട്.

കൂടാതെ ഓരോ നിലകളിലായി നഴ്സിംഗ് സ്റ്റേഷനുകളും ഡോക്ടർമാരുടെ പ്രത്യേക മുറികളും രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്നാണ് ഇവിടെക്ക് ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം ലഭ്യമാക്കിയത്.

ആരോഗ്യവും ക്ഷേമവും നിറഞ്ഞ കൂടുതൽ മെച്ചപ്പെട്ട നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർവ്വതലസ്പർശിയായ നടപടികളാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു വരുന്നത്.

എറണാകുളത്ത് നിലവിൽ വരുന്ന കാൻസർ സെന്റർ ഈ ദിശയിലുള്ള വലിയ ചുവടുവെപ്പാകുമെന്നും ക്യാൻസർ സെന്റർ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *