പോറ്റി സർ എന്നു വിളിപ്പേരുള്ള കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു എന്നുള്ള വാക്ക് വാർത്തയിൽ വ്യക്തിപരമായി ഏറെ ദുഃഖിക്കുന്നു. മലയാളഭാഷയിൽ ഹാസ്യത്തിന് ഇത്രയേറെ സംഭാവന ചെയ്ത ഒരു വ്യക്തി മറ്റൊരും ഉണ്ടാകില്ല എന്നതു തീർച്ചയാണ്. ചിരിവരയിലും സാഹിത്യത്തിലും സംസാരത്തിലും ഹാസ്യം അദ്ദേഹം വളരെ തന്മയത്തത്തോടു കൂടി കൈകാര്യം ചെയ്തിരുന്നു. ഹാസ്യത്തിന്റെ മൂന്നു മേഖലകളിലും ഇത്രയേറെ ഉന്നതങ്ങളിൽ എത്തിയ മറ്റൊരു വ്യക്തി മലയാളത്തിൽ ഇല്ല എന്ന് തീർത്തു പറയാം .
ജനിച്ചു വളര്‍ന്ന തിരുവനന്തപുരത്തു നിന്ന് 84ാം വയസില്‍ കൊച്ചിയിലേക്കു മകൾക്കൊപ്പം താമസം മാറിയപ്പോള്‍ അദ്ദേഹം എറെ വേദനിച്ചു. വേദനയിലും അദ്ദേഹം നര്‍മം കണ്ടു. അദ്ദേഹം പലപ്പോഴായി ഒട്ടേറെ ജീവിത കഥകള്‍ പറഞ്ഞിട്ടുണ്ട്. സുകുമാറിന്റെ ഒരു കഥയിവിടെ പങ്കുവയ്ക്കാം.
പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗുമസ്തനായിരുന്നു സുകുമാര്‍. അക്കാലത്ത് തനിനിറം പത്രത്തില്‍ പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കാർട്ടൂണിസ്റ്റ് മന്ത്രി നിരവധി കാര്ട്ടൂണുകള് വരയ്ക്കുമായിരുന്നു. തമിഴ്നാട് സ്വദേശിയായ എം. ശിങ്കാരവേലു ഐജിയായി സ്ഥാനമേല്‍ക്കുന്നത് 1972ലാണ്. അന്ന് ഡിജിപി ഇല്ല, പകരമാണ് ഐജിപി. അന്ന് എഐജി മധുസൂദനന് ആയിരുന്നു. ശിങ്കാരവേലു പത്രത്തിലെ പൊലീസ് കാര്ട്ടൂണുകള് കണ്ടിട്ടാകാം എഐജിയോട് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ കുറിച്ച് തിരക്കി. കാര്‍ട്ടൂണിസ്റ്റിനെ വിളിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. പൊലീസ് വകുപ്പില്‍ തന്നെ ജോലിയുള്ള സുകുമാറിനെ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ വിളിച്ചു കൊണ്ടു വരാന്‍ എഐജി ചുമതലപ്പെടുത്തി.
സുകുമാറിന്റെ ആവശ്യപ്രകാരം കാര്‍ട്ടൂണിസ്റ്റ് മന്ത്രി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെത്തി. പ്രശ്നമാകുമോ സുകുമാറേ..? തല്ലാനും ഉരുട്ടാനുമാകുമോ..? കാര്‍ട്ടൂണിസ്റ്റ് മന്ത്രിക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നു. രണ്ടു പേരും മധുസൂദനന് സാറിന്റെ അടുത്തെത്തി. നിങ്ങള്‍ രണ്ടുപേരും ഐജിപിയുടെ മുറിയിലേയ്ക്ക് ചെല്ലണം. മധുസൂദനന് സാറിന്റെ കല്‍പ്പന കൂടുതല്‍ ഭയമുണ്ടാക്കി. മന്ത്രിയാണെങ്കില്‍ പൊലീസിനെതിരെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നു. സുകുമാറാണെങ്കില് ഡിപ്പാര്‍ട്ട്മെന്റിലിരുന്ന് കാര്‍ട്ടൂണ്‍ വരയ്ക്കുന്നു.
ഭയന്നുവിറച്ച് രണ്ടാളും ഐജിപി ശിങ്കാരവേലുവിന്റെ മുന്നിലെത്തി. ഇരുവരോടും എതിര്‍വശത്തുള്ള കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാനും കാര്‍ട്ടൂണിസ്റ്റായിരുന്നു എന്ന മുഖവുരയോടെ അദ്ദേഹം സംസാരം ആരംഭിച്ചു. ആനന്ദ വികടനിലും കല്‍ക്കിയിലും ഒരുപാട് കാര്ട്ടൂണുകള് വരച്ചിട്ടുണ്ട്. ശിങ്കാരവേലുവിന്റെ ചിരിക്കുന്ന മുഖത്തോടെയുള്ള കാര്‍ട്ടൂണ്‍ വിശേഷങ്ങള്‍ അവരുടെ ഉള്ളിലെ ഭയപ്പാട് മാറ്റി. നമുക്ക് പരസ്പരം വരച്ചാലോ…? ശിങ്കാരവേലുവിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. അദ്ദേഹം മന്ത്രിയേയും സുകുമാറിനേയും വരച്ചു. മന്ത്രി ഐജിപിയേയും സുകുമാറിനേയും വരച്ചു. സുകുമാര്‍ ഐജിപിയേയും, മന്ത്രിയേയും വരച്ചു. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ പൊലീസിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ചായയും, ബിസ്ക്കറ്റും നല്കി സല്ക്കരിച്ചാണ് ഇരുവരേയും ഐജിപി യാത്രയാക്കിയത്. നല്ല സഹൃദയനായിരുന്നു അദ്ദേഹം.
1957ല്‍ 25ാം വയസില്‍ കേരള പൊലീസിന്റെ സ്പെഷല്‍ ബ്രാഞ്ചില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1961ല്‍ തൃശൂര്‍ സ്വദേശി സാവിത്രി അമ്മാളിനെ വിവാഹം കഴിച്ചു. ചിരി വരയും, ചിരി എഴുത്തും, നര്‍മ സല്ലാപങ്ങളുമായി തിരുവനന്തപുരം മരുതംകുഴിയില്‍ സുമംഗലയില്‍ ജീവിച്ച സുകുമാരന്‍ പോറ്റി എന്ന സുകുമാര്‍ വിശ്രമ ജീവിതത്തിനായി 84 വയസായപ്പോള്‍ കൊച്ചിയില്‍ മകളോടൊപ്പം താമസം മാറ്റി. തിരുവനന്തപുരം ഉപേക്ഷിക്കേണ്ടി വന്നതില്‍ അദ്ദേഹത്തിന് തുടക്കകാലത്ത് വലിയ വിഷമമായിരുന്നു. 2020ല്‍ ഭാര്യ സരസ്വതി അന്തരിച്ചു. 2023ല്‍ സുകുമാര്‍ സാറും അന്തരിച്ചു. പ്രണാമം.