തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു. മെമുവിന്റെ സമയ ക്രമത്തിൽ വന്നതാണ് പ്രധാന മാറ്റം. മെമുവിന്റെ സമയത്തിൽ വന്ന മാറ്റം സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാണ്.
പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ – എറണാകുളം മെമു ഷൊർണൂരിൽനിന്ന് പുലർച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശൂർ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൗൺ സ്‌റ്റേഷനിലെത്തും. വൈകിട്ട് മടക്കയാത്രയ്ക്കുള്ള ബംഗളൂരു എക്‌സ്‌പ്രസിന്റെ സമയത്തിലും മാറ്റമുണ്ട്.
5.42ന് എറണാകുളം ടൗൺ വിടുന്ന 16525 കന്യാകുമാരി- ബംഗളൂരു എക്‌സ്‌പ്രസ് 7.05ന് തൃശൂരിലെത്തും. നിലവിൽ 7.37നാണ് തൃശൂരിലെത്തുന്നത്. സമയക്രമത്തോടനുബന്ധിച്ച് 34 ട്രെയിനുകളുടെ വേഗം വർധിപ്പിച്ചിട്ടുണ്ട്.
വന്ദേഭാരാത് അടക്കം 11 ട്രെയിനുകൾ പുതുതായുണ്ട്. എട്ട് ട്രെയിനുകളുടെ സർവീസ് നീട്ടി. 16629, 16630 തിരുവനന്തപുരം– മംഗളൂരു മലബാർ എക്‌സ്‌പ്രസുകൾക്ക് ചാലക്കുടിയിൽ അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള സ്‌റ്റോപ്പ് തുടരും.
16327, 16328 ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് മധുരയിലേക്ക് നീട്ടി. 22837, 22838 ഹാട്യ– എറണാകുളം എക്‌സ്‌പ്രസിന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അനുവദിച്ച സ്‌റ്റോപ്പും തുടരും.