Timely news thodupuzha

logo

ഇന്റർനെറ്റ് നിരോധനം ആറാം തീയതിവരെ നീട്ടി മണിപ്പൂർ സർക്കാർ

ഇംഫാൽ: മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം സർക്കാർ ഒക്ടോബർ ആറുവരെ നീട്ടി. സെപ്തംബർ 26നാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയത്.

മെയ്‌തി വിഭാഗക്കാരായ രണ്ട്‌ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ്‌ അറസ്‌റ്റു ചെയ്ത് സി.ബി.ഐക്ക്‌ കൈമാറിയതിന് പിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. അതേസമയം അറസ്‌റ്റിലായ നാലു പേരെയും വിമാന മാർഗം ഗുവാഹത്തിയിലേക്ക്‌ മാറ്റി.

മെയ്‌തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സ്‌ത്രീകളും രണ്ട്‌ പുരുഷൻമാരുമാണ്‌ അറസ്‌റ്റിലായിട്ട് ഉള്ളത്‌. ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ എടുത്തിട്ടുള്ള വിദ്യാർത്ഥികൾ പെൺകുട്ടികളാണ്‌.

പോമിൻലുൻ ഹാവോകിപ്‌, മൽസോൺ ഹാവോകിപ്‌, ലിങ്ങ്‌നിചോങ്‌ ബെയ്‌തെ, തിന്നെഖോൽ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കേന്ദ്രസേനയുടെയും പൊലീസിന്റെയും സംയുക്ത നീക്കത്തെ തുടർന്നാണ്‌ അറസ്‌റ്റ്‌. നാലു പേരെയും റോഡു മാർഗം വേഗത്തിൽ വിമാന താവളത്തിൽ എത്തിച്ചു.

അവിടെ കാത്തുനിന്ന സി.ബി.ഐ സംഘത്തിന്‌ കൈമാറി. അടുത്ത വിമാനത്തിൽ തന്നെ അറസ്‌റ്റിലായവരുമായി സി.ബി.ഐ സംഘം ഗുവാഹത്തിയിലേക്ക്‌ പറന്നു. തീവ്രവാദ ബന്ധം ആരോപിച്ച്‌ എൻ.ഐ.എ കുകി വിഭാഗത്തിൽപ്പെട്ട ഒരാളെ ചുരചന്ദ്‌പ്പുരിൽ നിന്ന്‌ അറസ്‌റ്റു ചെയ്‌തു.

ഇയാളെ പിന്നീട്‌ വിമാന മാർഗം ഡൽഹിയിൽ എത്തിച്ചു. ജൂൺ 21ന്‌ ചുരചന്ദ്‌പ്പുർ – ബിഷ്‌ണുപ്പുർ അതിർത്തി മേഖലയായ ക്വാത്‌കയിൽ ബോംബാക്രമണം നടത്തിയ കേസിലാണ്‌ അറസ്‌റ്റ്‌. മൂന്നുപേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *