തിരുവനന്തപുരം: തട്ടം വിവാദ പരാമർശത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറിന്‍റെ പിശകെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹം തന്നെ ആ തെറ്റ് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി സർക്കാരിൽ നിന്നും മത ന്യൂനപക്ഷങ്ങൾക്കു നേരെ കടുത്ത ആക്രമണമാണുണ്ടാവുന്നത്, ലക്ഷ്യദ്വീപിൽ ആഹാരത്തെ നിയന്ത്രിക്കുന്നത് ബി.ജെ.പി സർക്കാരാണ്. ഉദാഹരണത്തിന് ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം.
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളെയെല്ലാം ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.
വസ്ത്രധാരണം, ആഹാരം എന്നിവയെല്ലാം വ്യക്തിപരമായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവുമാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തെറ്റായ കാര്യമാണ്.
എല്ലാകാലത്തും ഇത്തരം നടപടിക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്. ഏതോ സാഹചര്യത്തില്‍ പ്രസംഗത്തിലൊരു പരാമര്‍ശം വന്നു. അത് തികച്ചും തെറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പ്രസ്താവന അനില്‍കുമാര്‍ തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.