കോഴിക്കോട്: ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ പി. ബിജുരാജ് ഏറ്റെടുത്തു.
ദലിത് വിഭാഗത്തിൽപെട്ട ജീവനക്കാരിയായതിനാൽ പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം പ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി. തുടർന്നാണ് അന്വേഷണം അസിസ്റ്റന്റ് കമ്മിഷണർക്കു കൈമാറിയത്. ഇവിടത്തെ സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷിനെതിരെയാണ് യുവതിയുടെ പരാതി.
കേസിന്‍റെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തി സുരക്ഷാ ജീവനക്കാർ വസ്ത്രം മാറുന്ന മുറി ഉൾപ്പെടെ പരിശോധിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 10ന് രാവിലെ 7.50ന് ആണ് പരാതിക്കിടയാക്കിയ സംഭവം. യുവതി മുറിയിൽ നിന്ന് വസ്ത്രം മാറുന്ന സമയത്ത് ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി.
ജീവനക്കാരി ആശുപത്രി അധികൃതർക്കു നൽകിയ പരാതി തുടർ നടപടികൾക്കായി ആശുപത്രി സൂപ്രണ്ട് വെള്ളയിൽ പൊലീസിനു കൈമാറുകയായിരുന്നു.