ന്യൂഡൽഹി: പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. പൗരന്‍മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, സുരക്ഷിതമായ പാർപ്പിടങ്ങളിൽ കഴിയണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇസ്രായേലിൽ ഏകദേശം 18000 ത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും യുദ്ധത്തിനു സമാനമായ സാഹചര്യമാണുള്ളത്.
ഇസ്രായേലിലുള്ള മലയാളികളടക്കം ബങ്കറിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരമാവധി ആളുകൾ വീടിന് പുറത്ത് ഇറങ്ങരുതെന്നും നില്‍ക്കുന്ന ഇടങ്ങളില്‍ തന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഹാമാസിന്‍റെ ആക്രമണത്തിൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ.
ഇസ്രായേലിലുണ്ടായ ഏറ്റവും വലിയ ഇന്‍റലിജന്‍സ് വീഴ്ചയാണിതെന്നാണ് വിവരം. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ തുടർച്ചയായി നടത്തിയ ആക്രമണം ഏകദേശം രണ്ടരമണിക്കൂറോളം നീണ്ടുനിന്നു.
ഗാസയില്‍ നിന്നും 20 മിനിറ്റിനുള്ളില്‍ 5,000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്‍റെ സൈനിക വിഭാഗം നേതാവിന്‍റെ പരസ്യ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ഇതിനു ശേഷം 2000ത്തോളം റോക്കറ്റുകൾ ഇസ്രായേൽ വിക്ഷേപിച്ചതായും ഹമാസ് ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആറോളം ആളുകൾ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്.