ന്യൂഡൽഹി: ഇന്ത്യയിലെ 41 നയതന്ത്രജ്ഞരെ കാനഡ തിരിച്ചു വിളിച്ചു. 21പേർ ഒഴികെയുള്ള നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറയിപ്പ് നൽകിയതിനു പിന്നാലെയാണ് 41 പേരെ തിരികെ വിളിച്ചത്.
ഇവർക്ക് ഇന്ത്യയിൽ നിന്നും സുരക്ഷിതമായി പുറപ്പെടുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ ഈ നടപടിയെയും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും മെലാനി ജോളി വിമർശിച്ചു.
ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്. നയതന്ത്ര പ്രതിനിധികളുടെ കാര്യത്തിൽ ഇരു രാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. തുടർന്ന് കാനഡക്കാർക്ക് ഇന്ത്യ വിസ നൽകുന്നത് സെപ്റ്റംബർ 18മുതൽ നിരോധിക്കുകയും ചെയ്തിരുന്നു.