ഇടുക്കി: നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാൻ നിർദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദ്ദേശം നൽകിയത്. ഇടുക്കി ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിനാണ് നിർദ്ദേശം ലഭിച്ചത്. ജില്ലാ ഭരണകൂടം ഉടുമ്പൻഞ്ചോല താലൂക്ക് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.
25ഓളം കുടുംബങ്ങളാണ് മേഖലയിൽ ചെങ്കുത്തായ മലഞ്ചെരുവിൽ താമസിക്കുന്നത്. പ്രളയ കാലത്ത് റെഡ് സോൺ ആയി കണ്ടെത്തിയ മേഖലയാണ് പച്ചടി, പത്ത്‌വളവ് മേഖല. ഇന്ന് പുലർച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുൾപൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കുരുമുളക് കൃഷിയിടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്.