Timely news thodupuzha

logo

വിനായകന് ജാമ്യം നൽകിയതിനെതിരേ ഉമ തോമസ് എം.എൽ.എ

കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരേ ഉമ തോമസ് എം.എൽ.എ. സഖാവെന്ന പരിഗണനയിലാണോ അതോ മുകളിൽ നിന്നുള്ള ഉത്തരവിൻറെ അടിസ്ഥാനത്തിലാണോ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടതെന്ന് ഉമ തോമസ് ആരാഞ്ഞു.

ഉമ തോമസിന്റെ പ്രസ്താവന: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിൻറെ പ്രിവിലേജാണോ, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ…

ഇന്നലെ വൈകിട്ട് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന ഫ്ലാറ്റിലേക്ക് കുടുംബവഴക്കിനെ തുടർന്ന് വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു.

ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കമാണെന്ന് മനസിലാക്കിയ പൊലീസ് ഇരുവിഭാഗവും കേട്ടശേഷം വിനായകനെ പറഞ്ഞ് മനസിലാക്കി മടങ്ങാൻ ഒരുങ്ങി.

ഇതോടെ പൊലീസിനോട് വിനായകൻ കയർത്തു സംസാരിക്കുകയായിരുന്നു. ശേഷം രാത്രി ഏഴരയോടെ സ്റ്റേഷനിലെത്തിയ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *