Timely news thodupuzha

logo

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രന്റെയും കൂട്ടുപ്രതികളുടെയും വിടുതൽ ഹർജി നവംബർ 15ന് പരി​ഗണിക്കും

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്റെയും കൂട്ടുപ്രതികളുടെയും വിടുതൽ ഹർജിയിൽ നവംബർ 15ന് വാദം കേൾക്കും.

കേസുണ്ടായതിന് ശേഷം ആദ്യമായാണ് കെ സുരേന്ദ്രനും കൂട്ടുപ്രതികളും കോടതിയിൽ നേരിട്ടെത്തിയത്. കേസിൽ ഇരയായ കെ സുന്ദരയും കോടതിയിലെത്തിയിരുന്നു. കേസിൽ സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികൾക്ക് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. കെ സുരേന്ദ്രനാണ് ഒന്നാം പ്രതി.

തന്നെ തട്ടിക്കൊണ്ടുപോയെന്ന്‌ കെ സുന്ദരയുടെ വെളിപ്പെടുത്തലുണ്ടായപ്പോൾ, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ കോടതിയെ സമീപിച്ചു.

ഇതേ തടുർന്ന്‌ കോടതി നിർദേശ പ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറി. പട്ടിക ജാതി- പട്ടികവർഗ്ഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *