കൊച്ചി: ശ്രീ കേരള വർമ കോളെജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി.
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീണ്ടും വോട്ടെണ്ണാനാണ് കോടതിയുടെ നിർദേശം. ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ഫലം വന്നതിനു പുറക കെ.എസ്.യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം വീണ്ടും കൗണ്ടിങ് നടത്തിയതോടെ വിജയം എസ്.എഫ്.ഐയുടെ പക്ഷത്താവുകയായിരുന്നു.
എസ്.എഫ്.ഐയുടെ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകൾക്ക് വിജയിച്ചതായി കോളെജ് അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ വോട്ടെണ്ണലിൽ ക്രമക്കേടുകൾ നടന്നതായി ആരോപിക്കുകയും എസ്.എഫ്.ഐ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. തുടർന്നു നടന്ന വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് കോടതിയുടെ നിർദേശം.