ഉത്തരകാശി: ഉത്താരഖണ്ഡിൽ ടണലിൽ കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് എത്തിയതായി റിപ്പോർട്ടുകൾ. ഇടിഞ്ഞ ടണലിനെ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളുടെ സമീപത്തേക്ക് എത്താൻ ഇനി 5 മീറ്റർ കൂടിയാണ് കുഴൽ നിക്കേണ്ടത്.
57 മീറ്ററാണ് തൊഴിലാളികൾക്കടുത്തേക്കുള്ള ദൂരം. ഇതിൽ 52 മീറ്റർ ദൂരം പൈപ്പ് എത്തിക്കാനായി. ഇന്നുതന്നെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, തുരങ്കത്തിലേക്ക് കുത്തനെ തുരക്കൽ പുരോഗമിക്കുകയാണ്. 86 മീറ്റർ കുഴിക്കേണ്ടതിൽ 40 ശതമാനം പൂർത്തിയായി. 36 മീറ്റർ ഇതുവരെ കുഴിക്കാനായെന്നാണ് സൂചന.
കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനുപുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി.
മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്‍റെ സഹായത്തോടെ കുഴൽ ശക്തമായി തള്ളിക്കയറ്റുകയായിരുന്നു.വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കുന്നത്.