ന്യൂഡൽഹി: പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരനെ കോടതി വിമർശിച്ചു.
നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് സുപ്രീംകോടതി ജഡ്ജിമാർ വ്യക്തമാക്കുകയായിരുന്നു.
അപ്പീലുമായി മുന്നോട്ട് പോവരുതെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
സിനിമാ പ്രവർത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അൻവർ ഖുറേഷിയാണ് ഹർജിക്കാരൻ. പാക് കലാകാരന്മാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂർണമായി വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.