ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റേതുൾപ്പെടെ 59 എംപിമാരാണ് ഏപ്രിൽ ആദ്യവാരം രാജ്യസഭയിൽ നിന്നു വിരമിക്കുന്നത്. ഇവരിൽ 12 പേർ ഇപ്പോൾ തെരഞ്ഞെടുപ്പു നടന്ന തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നാണ്.
245 അംഗ രാജ്യസഭയിൽ ആറ് ഒഴിവുകളുണ്ട്. ബിജെപിക്ക് നിലവിൽ 94 എംപിമാരാണുള്ളത്. കോൺഗ്രസിന് 30 പേർ. എൻഡിഎ ഘടകക്ഷികൾ കൂടി ചേർന്നാലും ഇപ്പോൾ കേന്ദ്ര സർക്കാരിന് ഭൂരിപക്ഷമില്ല. വൈഎസ്ആർ കോൺഗ്രസും ബിജെഡിയും ഉൾപ്പെടെ കക്ഷികൾ പ്രശ്നാധിഷ്ഠിത പിന്തുണ നൽകുന്നതാണ് നിർണായക ബില്ലുകൾ പാസാക്കാൻ സർക്കാരിന് തുണയാകുന്നത്.
ഏപ്രിലിൽ വിരമിക്കുന്ന 59 പേരിൽ 28 പേർ ബിജെപിയിൽ നിന്നാണ്. തെലങ്കാന-3, രാജസ്ഥാൻ-3, മധ്യപ്രദേശ്- 5, ഛത്തിസ്ഗഡ്- 1 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ ഒഴിവുവരുന്നത്. യുപിയിൽ നിന്നു 10ഉം മഹാരാഷ്‌ട്രയിലും ബിഹാറിലും നിന്ന് ആറു പേർ വീതവും വിരമിക്കും. പശ്ചിമ ബംഗാൾ-5, കർണാടക-5, ഗുജറാത്ത്- 5, ഒഡീഷ-3, ആന്ധ്രപ്രദേശ്-3 എന്നിങ്ങനെയാണു മറ്റു പ്രധാന സംസ്ഥാനങ്ങളിൽ വിരമിക്കുന്ന എംപിമാരുടെ എണ്ണം. ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് ഓരോ അംഗങ്ങൾ വിരമിക്കും. ഡൽഹിയിൽ ഈ വർഷം ജനുവരിയിൽ മൂന്ന് ഒഴിവുകളുണ്ടാകും.
2017ൽ യുപിയിൽ നേടിയ വൻ വിജയത്തെത്തുടർന്ന് അന്ന് തെരഞ്ഞെടുപ്പു നടന്ന 10 സീറ്റുകളിൽ ഒമ്പതും ബിജെപിക്കു നേടാനായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സീറ്റ് നില 47ൽ നിന്ന് 111ലേക്ക് ഉയർത്തിയതിനാൽ ഇത്തവണ ഏതാനും രാജ്യസഭാ സീറ്റുകൾ ബിജെപിക്കു നഷ്ടമാകും.
അതേസമയം, 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ഇവിടെ നിന്നുള്ള സീറ്റ് നില ഉയർത്താൻ ബിജെപിയെ സഹായിക്കും. ഒഴിവുവരുന്നവയിൽ രണ്ടു സീറ്റുകൾ കോൺഗ്രസിന്‍റേതാണ്. ഇത്തവണ അത് ബിജെപിക്ക് പിടിച്ചെടുക്കാനാകും. എന്നാൽ, ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരു സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കും. കർണാടകയിൽ നിലവിൽ മൂന്നു കോൺഗ്രസ് അംഗങ്ങളുടെയും ഒരു ബിജെപി അംഗത്തിന്‍റെയും കാലാവധിയാണ് അവസാനിക്കുന്നത്. നിലവിലെ കക്ഷി നിലയുടെ അടിസ്ഥാനത്തിൽ ഈ അനുപാതം മാറാനിടയില്ല.
മധ്യപ്രദേശിലെ വൻ വിജയം നിലവിലുള്ള നാല് അംഗങ്ങളെയും നിലനിർത്താൻ ബിജെപിയെ സഹായിക്കും. തെലങ്കാനയിൽ നഷ്ടം ബിആർഎസിനാണ്. മൂന്ന് അംഗങ്ങൾ ഒഴിയുമ്പോൾ രണ്ടെണ്ണം കോൺഗ്രസിനു ലഭിക്കും. പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നും ഓരോ സീറ്റുകൾ ബിജെപിക്ക് അധികം നേടാനാകും. 2024ൽ പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിയുടെ മൂന്നാമൂഴം പ്രതീക്ഷിക്കുന്നുണ്ട് ബിജെപി. ഈ സാഹചര്യത്തിൽ രാജ്യസഭയിൽ മൂന്നക്കത്തിലേക്കെത്തുക എന്ന സാധ്യതയെയും പ്രതീക്ഷയോടെയാണ് നേതൃത്വം കാണുന്നത്.






