കണ്ണൂര്‍: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത് തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം പ്രണയക്കുരുക്കുകളില്‍ പെടുത്തുകയാണെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ പറഞ്ഞിരുന്നു. . തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഇടയലേഖനത്തില്‍ അതിരൂപത പറഞ്ഞിരുന്നു.
എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികള്‍ക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമര്‍ശം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് മതതീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാര്‍ഥന നിയോഗമായി സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു