പാലക്കാട്: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടര്‍ തനിയെ തുറന്ന് വെള്ളം പെരിങ്ങല്‍കുത്ത് എത്തിയതോടെ ഡാമിന്‍റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്.
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് പറമ്പിക്കുളം ഡാമിലെ മൂന്നുഷട്ടറുകളിലൊന്ന് തനിയെ പൊങ്ങുകയായിരുന്നു.. ഇതോടെ സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയുടെ കൈവഴികളിലൂടെ പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്തുന്നത്.
പറമ്പിക്കുളത്തിന്് പുറമെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേയും വെള്ളമെത്തുന്നതോടെ, ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാനിടയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
8.1 മീറ്ററാണ് പുഴയിലെ അപകടനില. പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.