ചെന്നൈ: തമിഴ്‌നാട്ടിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. സംഭവവുമായി അച്ഛനുൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂൾ കാലം മുതലേ പട്ടുകോട്ട സ്വദേശിയായ ഐശ്വര്യയും സമീപപ്രദേശത്തെ നവീനും തമ്മിൽ പ്രണയത്തിലാണ്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയുളള നവീൻ തിരുപ്പൂരിലെ വസ്ത്ര നിർമാണ കമ്പനിയിലെ ജോലിക്കാരനാണ്.
ഡിസംബർ 31ന് ഇവർ സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി. ഇവർ തിരുപ്പൂരിന് സമീപം വീരുപാണ്ടിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസവും ആരംഭിച്ചു.
എന്നാൽ ജനുവരി രണ്ടിന് മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പെരുമാൾ തഞ്ചാവൂർ പല്ലടം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പൊലീസ് ഐശ്വര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അച്ഛനൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
ഈ സമയം നവീൻ പൊലീസിനെ സമീപിച്ചപ്പോൾ തന്നെ വിരട്ടുകയും മാറ്റി നിർത്തിയതായും യുവാവ് പറയുന്നു. അടുത്ത ദിവസം പിതാവ് ഐശ്വര്യയെ മർദിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം കത്തിച്ചു കളഞ്ഞതായും സുഹൃത്തുക്കൾ നവീനെ അറിയിച്ചു.
തുടർന്ന് നവീൻ വട്ടത്തിക്കോട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുക്കൊന്നതായി കണ്ടെത്തിയത്.
അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.