ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം വീട്ടിലുണ്ടാക്കിയ ടൈമർ ഉപയോഗിച്ചെന്ന് ഡൽഹി പൊലീസ്. ബാൾ ബയറിങ്ങ്, ലോഹ കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ട്.
നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ(എൻ.എസ്.ജി) പോസ്റ്റ് – ബ്ലാസ്റ്റ് വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എൻ.എസ്.ജി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
നാടൻ ബോംബ് നിർമ്മിക്കുന്ന രീതിയിലാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങൾക്ക് ഉപയോഗിക്കുന്ന സങ്കീർണമല്ലാത്ത ഐ.ഇ.ഡിയാണ് ക്രൂഡ് ബോംബ്.
ടൈമർ ഉപയോഗിച്ചത് ആസൂത്രണം വ്യക്തമാക്കുന്നുവെന്നും എൻ.എസ്.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണ്.
ഡിസംബർ 26നാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി പൊലീസിന് ഫോൺ സന്ദേശം ലഭിക്കുന്നത്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി.
ഇസ്രയേല്‍ – ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലെ തങ്ങളുടെ പൗരന്മാർക്ക് ഇസ്രയേൽ ജാഗ്രതാ നിർദേശവും നൽകിയിരുന്നു. 2021ലും എംബസിക്ക് സമീപം സ്ഫോടനമുണ്ടായിരുന്നു.