ചെറുതോണി : അനീതിക്കെതിരെ പോരാടി മൃത്യുകൈവരിച്ച കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം നേതാവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ജോസഫ് ഏര്‍ത്തടം തന്‍റെ ഉത്തമ സുഹൃത്തും കാലത്തിന്‍റെ വഴികാട്ടിയുമായിരുന്നവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസഫ് ഏര്‍ത്തടത്തിന്‍റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടന്ന കുടുംബ പ്രാര്‍ത്ഥനക്ക് ശേഷം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള സ്മാരകത്തിന്‍റെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പാര്‍ട്ടി പതാക ഉയര്‍ത്തി അനുസ്മരണ യോഗത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് അനുസ്മരണ യോഗം ചേര്‍ന്നു.
1977 ല്‍ കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ജോസഫ് കൊല്ലപ്പെട്ടത്. വാഴത്തോപ്പുകാര്‍ക്ക് ഏറെ പ്രിയനായിരുന്ന ജോസഫിന്‍റെ അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചത് ഇന്നും ഓര്‍മ്മയില്‍ എത്തുന്നതായി റോഷി അഗസ്റ്റിന്‍ സ്മരിച്ചു.
വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ് ജേക്കബ് പിണക്കാട്ടിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ഒ അഗസ്റ്റിന്‍, ജോസ് കുഴികണ്ടം, കെ.എന്‍ മുരളി, ജിമ്മി മാപ്രയില്‍ ഇ.പി നാസര്‍, റിന്‍സി സിബി, ഷാജു പന്നൂര്‍, മാത്യു അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.